This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലാര്‍ക്ക്, ആര്‍തര്‍ ചാള്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലാര്‍ക്ക്, ആര്‍തര്‍ ചാള്‍സ്

Clarke, Arthur Charles (1917 - 2007)

ഇംഗ്ലീഷ് ശാസ്ത്രസാഹിത്യകാരനും സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരനും. സോമര്‍സെറ്റിലെ മൈന്‍ഹൈഡില്‍ 1917 ഡി. 16-ന് ജനിച്ചു. ഗ്രാമര്‍ സ്കൂളിലെ പഠന(1927-36)ത്തിനുശേഷം ലണ്ടനിലെ കിങ്സ് കോളജില്‍ ഗണിതം, ഭൗതികം എന്നിവയില്‍ ഒന്നാംക്ലാസ്സില്‍ ഓണേഴ്സ് ബിരുദം നേടി.

റോയല്‍ എയര്‍ഫോഴ്സില്‍ 1941-46-ല്‍ ഇദ്ദേഹം ഫ്ലൈറ്റ് ലഫ്റ്റനന്റ് ആയി റഡാര്‍ പരിശീലകന്റെയും സാങ്കേതിക ഓഫീസറുടെയും ജോലി ചെയ്തു. വാര്‍ത്താവിനിമയത്തിന് ഉപഗ്രഹം ഉപയോഗിക്കാം എന്ന ആശയം മുന്നോട്ടുവച്ചത് ഇദ്ദേഹമാണ് (1945). പില്ക്കാലത്ത് ഇതൊരു യാഥാര്‍ഥ്യമായിത്തീര്‍ന്നു. അസിസ്റ്റന്റ് ആഡിറ്ററായി ആഡിറ്റ് വകുപ്പില്‍ ജോലിചെയ്തു (1936-41). ഫിസിക്സ് അബ്സ്ട്രാക്റ്റ് എന്ന പത്രത്തിന്റെ പത്രാധിപരായി (1949-50). ആസ്റ്റ്രേലിയന്‍ കടലിലെ ഗ്രേറ്റ് ബാരിയര്‍റീഫും സിലോണ്‍തീരവും പഠിക്കാനും അവയുടെ ഫോട്ടോ എടുക്കാനും 1954 മുതല്‍ പ്രവര്‍ത്തിച്ചു. യൂറോപ്പിലും അമേരിക്കയിലും ഇന്ത്യയിലും ധാരാളം സഞ്ചരിച്ചു പ്രഭാഷണങ്ങള്‍ നടത്തിയ ഇദ്ദേഹം 12-ല്‍പ്പരം നോവലുകളും ധാരാളം ശാസ്ത്രലേഖനങ്ങളുമെഴുതി. ആധുനികശാസ്ത്രത്തിന്റെ പ്രകാശം നോവലുകളെയും ഭാവനാവിലാസം ശാസ്ത്രലേഖനങ്ങളെയും അനുഗ്രഹിച്ചു. സി.ബി.എസ്.ടി.വി.യില്‍ അപ്പോളോ പര്യടനങ്ങളുടെ കമന്റേറ്റര്‍ ആയിരുന്നു.

ഇദ്ദേഹത്തിന് അനേകം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഫാന്റസി അവാര്‍ഡ് (1952), യുണെസ്കോ കലിങ്ഗാ പ്രൈസ് (1961), ഫ്രാങ്ക്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മെഡല്‍ (1963), റോബട്ബാള്‍ അവാര്‍ഡ് (1965) അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്മെന്റ് ഒഫ് സയന്‍സിന്റെ അവാര്‍ഡ് (1969), പ്ലേബോയ് എഡിറ്റോറിയല്‍ അവാര്‍ഡ് (1971), നെബുല അവാര്‍ഡ് (1972, 74, 79 എന്നീ വര്‍ഷങ്ങളില്‍), ഹ്യൂഗോ അവാര്‍ഡ് (1974) എന്നിവ അക്കൂട്ടത്തില്‍പ്പെടുന്നു. രണ്ടുതവണ ബ്രിട്ടീഷ് ഇന്റര്‍ പ്ലാനട്ടറി സൊസൈറ്റിയുടെ അധ്യക്ഷനായിരുന്നു (1946-47; 1950-53). റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ ഫെലോ ആയിരുന്നു.

ആര്‍തര്‍ സി ക്ലാര്‍ക്കിന്റെ നോവലുകളില്‍ പ്രധാനപ്പെട്ടവ ഇവയാണ്: പ്രെല്യൂഡ് ടു സ്പെയ്സ് (Prelude to Space, 1951), ദി സാന്‍ഡ്സ് ഒഫ് മാഴ്സ് (The Sands of Mars, 1952), ഐലന്‍ഡ്സ് ഇന്‍ ദ് സ്കൈ (Islands in the Sky, 1952), എഗെന്‍സ്റ്റ് ദ് ഫാള്‍ ഒഫ് നൈറ്റ് (Against the Fall of Night, 1953), ചൈല്‍ഡ്ഹുഡ്സ് എന്‍ഡ് (Childhood's End, 1954), എര്‍ത്ത് ലൈറ്റ് (Earth Light, 1955), ദ് സിറ്റി ആന്‍ഡ് ദ് സ്റ്റാഴ്സ് (The City and the Stars, 1956), എ ഫാള്‍ ഒഫ് മൂണ്‍ഡസ്റ്റ് ( A Fall of Moondust,1961), ഡോള്‍ഫിന്‍ ഐലന്‍ഡ് (Dolphin Island, 1963), 2001: എ സ്പെയ്സ് ഒഡീസി (2001: A Space Odyssey, 1968) (ഇത് തിരക്കഥയായും എഴുതിയിട്ടുണ്ട്), റാന്ദെവൂ വിത്ത് രാമ (Rendezvous with Rama, 1970).

നവീന ശാസ്ത്രപശ്ചാത്തലത്തില്‍ എഴുതിയ പതിനൊന്നു സങ്കല്പകഥകളുടെ സമാഹാരമാണ് എക്സ്പെഡിഷന്‍ ടു എര്‍ത്ത് (Expedition to Earth). മറ്റു കഥാസമാഹാരങ്ങള്‍: റീച്ച് ഒഫ് ടുമാറോ(Reach of Tomorrow, 1962), ടെയ്ല്‍സ് ഫ്രം ദ് വൈറ്റ് ഹാര്‍ട്ട് (Tales from the White Heart, 1972), ദി അദര്‍ സൈഡ് ഒഫ് ദ് സ്കൈ (The other side of the Sky, 1961), ടെയ്ല്‍സ് ഒഫ് ടെന്‍ വേള്‍ഡ്സ് (Tales of Ten worlds, 1963), ദ് നയന്‍ ബില്യണ്‍ നെയിംസ് ഒഫ് ഗോഡ് (The Nine Billion Names of God, 1967), എ മീറ്റിങ് വിത്ത് മെഡൂസ (A Meeting with Medusa,1972). ദ് വിന്‍ഡ് ഫോര്‍ ദ് സണ്‍ (The Wind for the Sun), സ്റ്റോറീസ് ഒഫ് സ്പെയ്സ് ഏജ് (Stories of Space Age, 1972), ഒഫ് ടൈം ആന്‍ഡ് സ്റ്റാഴ്സ് (Of Time and Stars, 1973).

ശാസ്ത്രലേഖനങ്ങളും പഠനങ്ങളും ഇവയാണ്: ഇന്റര്‍ പ്ലാനട്ടറി ഫ്ലൈറ്റ് (1960), ദി എക്സ്പ്ളൊറേഷന്‍ ഒഫ് സ്പെയ്സ് (1959), പ്രൊഫൈല്‍സ് ഒഫ് ദ് ഫ്യൂച്ചര്‍ (1974), ദ് ട്രെഷേഴ്സ് ഒഫ് ദ് ഗ്രേറ്റ് റീഫ് (1974), ഇന്ത്യന്‍ ഓഷന്‍ ട്രഷര്‍ (1972), ടെക്നോളജി ആന്‍ഡ് ഫ്രോണ്ടിയേഴ്സ് ഒഫ് നോളജ് (1975).

ഇദ്ദേഹത്തിന്റെ 2001: എ സ്പെയ്സ് ഒഡീസിയെ ആധാരമാക്കിയാണ് പ്രസിദ്ധ സിനിമാ സംവിധായകനായ സ്റ്റാന്‍ലി കുബ്രിക്, നോവലിന്റെ തന്നെ പേരിലുള്ള സിനിമ നിര്‍മിച്ചത്.

അടുത്തകാലത്ത് പ്രസിദ്ധീകരിച്ച കൃതികളില്‍ പ്രധാനം ദ് സോങ്സ് ഒഫ് ഡിസ്റ്റന്റ് എര്‍ത്ത് (The Songs of Distant Earth, 1986), 2010: ഒഡീസി ടൂ (1982), 2061 ഒഡീസി ത്രീ (1987) എന്നിവയാണ്. ശ്രീലങ്കയില്‍ സ്ഥിരതാമസമാക്കിയിരുന്ന ഇദ്ദേഹം 2007-ല്‍ അന്തരിച്ചു.

(എന്‍.കെ. ദാമോദരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍